02.01.09 
അബുദാബി 
എന്റെ നഷ്ട പ്രണയിനിക്ക്,
എത്രകാലമായ് ഒന്ന് കണ്ടിട്ട്, ഈയിടെയായ് നിന്നെക്കുറിച്ചോര്‍ക്കാത്ത ദിവസങ്ങളില്ല; പലപ്പോഴും വിചാരിക്കുന്നതാണ് നീ നാട്ടിലുള്ളപ്പോള്‍ അവധിക്ക് വരാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. പക്ഷെ വര്‍ഷങ്ങളായി ഓരോ തവണയും നിന്നെ ശരിക്കൊന്ന് കാണാനോ നിന്റെ പുഞ്ചിരിയിലെങ്കിലും മനം നിറയ്ക്കാനോ കഴിയാറില്ല. കഴിഞ്ഞതവണ കുറെ പ്രതീക്ഷയോടെ കാത്തിരുന്നു നീ ഏറെ വൈകിയായിരുന്നു നാട്ടിലെത്തിയത്. അപ്പോഴേക്കും ഞാന്‍ വിമാനം കയറി ഇക്കരെയെത്തി നീ കേരളത്തിന്പുറത്തെവിടൊക്കെയോ ഉല്ലാസയാത്രയിലായിരുന്നു എന്ന് പീന്നിട് ഞാനറിഞ്ഞു. നിന്നെക്കുറിച്ചുള്ള എല്ലാ വിശേഷങ്ങളും ഞാനന്വേഷിച്ചറിയാറുണ്ട്. 
ഈയിടെ എന്റെ അയല്‍പക്കത്തെ രാമേട്ടന്‍ മരണപ്പെട്ട അന്ന് ശവമെടുപ്പിന് അല്പമുമ്പ് തന്നെ നീയെത്തി എന്ന് അമ്മയുടെ കത്തിലുണ്ടായിരുന്നു. ആരും നിന്നെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ലപോലും. അതുകൊണ്ട് തന്നെ അവര്‍ക്ക് നിന്റെ വരവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കുഞ്ഞുന്നാളില്‍ നിന്നെച്ചൊല്ലി ഞാനെത്ര അടിവാങ്ങിച്ചിട്ടുണ്ടെന്നറിയുമോ...? എനിക്കറിയാം നീയതൊന്നും ഓര്‍ക്കുന്നണ്ടാവില്ലെന്ന് നിന്റെ തിരക്കില്‍ എന്നെക്കുറിച്ചോര്‍ക്കാന്‍ സമയമില്ലല്ലോ..?പക്ഷെ ഞാനെന്നും ഓര്‍ക്കും. ഓര്‍ക്കുകമാത്രമല്ല എന്റെ ഉള്ളില്‍ നിന്നെ ഞാന്‍ ഒരുപാടൊരുപാട് ഓമനിക്കുന്നുണ്ട്. നീയെന്നെ ചുംബനങ്ങള്‍ കൊണ്ട് പൊതിഞ്ഞതും, കുളിരുകൂട്ടി ഇക്കിളിപ്പെടിത്തിയതും ഞാനെങ്ങനെ മറക്കും. 
എനിക്കഞ്ചോ, ആറോ വയസുള്ളപ്പോഴാണ് ഒരു ദിവസം അമ്മ മുറ്റമടിച്ചുവാരിക്കൊണ്ടിരുന്നസമയത്ത് പഞ്ചാരമണലില്‍കൂടി ഓടിക്കളിച്ചുകൊണ്ടിരുന്ന എന്നെനോക്കി നിന്റെ പേര് സുചിപ്പിച്ചുകൊണ്ട് കേറിപോടാ എന്ന് അമ്മ ഉറക്കെപറഞ്ഞത്. ഞാനോടിപ്പോയത് പടിഞ്ഞാറെ ഇടവഴിലേക്കായിരുന്നു. നീ വന്നതും പടിഞ്ഞാറുനിന്നായിരുന്നല്ലോ...? അന്ന് നീയെന്നെവാരിപ്പുണര്‍ന്നപ്പോള്‍ അമ്മ എന്നെയും പരതി വീടിനു ചുറ്റും ഓടുകയായിരുന്നു. അന്നാണ് നിന്നെച്ചൊല്ലി ഞാനാദ്യം അടിവാങ്ങിയത് എങ്കിലും ഞാന്‍ കരഞ്ഞിരുന്നില്ല. എന്റെ മുറ്റത്തെ തൈതെങ്ങുകളേയും, പ്ലാവിനേയും വേലിപ്പടര്‍പ്പിനേയും, അപ്പുറത്തെ പറമ്പിലെ മരച്ചില്ലകളെയും അതുവരെ ഞാനോടിക്കളിച്ചിരുന്ന പഞ്ചാരമണല്‍ത്തരികളെ പ്പോലും പുല്‍കിപ്പുണര്‍ന്ന് നോക്കിക്കൊതിപ്പിച്ച് എന്നെ തൊടാനാവാതെ എന്റെ കുഞ്ഞോലപ്പുരപ്പുറത്ത് തടവിത്തലോടി ഇറയത്തുകൂടി പല തവണ ചുറ്റിതിരിഞ്ഞപ്പോഴൊക്കെ എന്നെയും മാടിവിളിച്ചുകൊണ്ടിരുന്നില്ലേ.? നിന്നോടൊപ്പം ഓടിവരാന്‍ ഞാന്‍ എപ്പോഴൊക്കെ ഇറയത്തേക്ക് ചാടിയോ അപ്പോഴൊക്കെ അമ്മയോട് അടിയും വാങ്ങിച്ചു. പിന്നീടും ഒരുപാട് തവണ നിന്നെച്ചൊല്ലി ചൂരല്‍പ്പഴം വാങ്ങിച്ചിട്ടുണ്ട്. എന്നാലെങ്കിലും എനിക്ക് നിന്നോടുള്ള പ്രണയത്തിന് അറുതിവരുമെന്ന് അമ്മ കരുതിയിട്ടുണ്ടാകും. 
ഒരു സ്വകാര്യം പറയട്ടെ എന്നെ നിരാശപ്പെടുത്തരുത്. അടുത്ത കള്ളകര്‍ക്കിടകത്തില്‍ ഞാന്‍ നാട്ടിലെത്തും തീര്‍ച്ച. കരിമ്പടവും, കുളിരും, വെടിക്കെട്ടുമൊക്കെയായ് നീയെന്നെ കാത്തിരിക്കില്ലേ..? നീയെന്റെ ഉടലാകെ ചുംബനം കൊണ്ട് മൂടുന്നതും, ഇക്കിളിപ്പെടുത്തുന്നതും ഓര്‍ത്ത് ഞാനുറങ്ങാന്‍ കിടക്കട്ടെ. പ്രണയപൂര്‍വ്വം ഞാന്‍ 
എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍
Wednesday, January 28, 2009
Subscribe to:
Post Comments (Atom)
 
No comments:
Post a Comment