എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍

Tuesday, January 27, 2009

ഒരുക്കം


ഒരുക്കം


എന്റെ പ്രിയപ്പെട്ടവള്‍ക്ക് ഇടിയും, മിന്നലുമായിരുന്നു ഏറ്റവും ഭയം. മഴക്കാലത്ത് ഇരുട്ടിയാല്‍ പിന്നെ അവള്‍ പുറത്തിറങ്ങാറില്ല. കതകടച്ച് ജനലൊക്കെ കര്‍ട്ടനിട്ട് മൂടി പുതപ്പെടുത്ത് ചുറ്റിപ്പുതച്ച് കസേരയിലോ, കട്ടിലിന്റെ മൂലയിലോ ചുരുണ്ടുകൂടി ഇരിക്കും. മിന്നല്‍ പിണരുകള്‍ ജനലുകളില്‍ ചിത്രം വരക്കുമ്പോള്‍ കണ്ണുമൂടി നാമം ജപിക്കും. അപ്പോഴും ഞങ്ങളുടെ മകന്‍ ഉമ്മറത്തിണ്ണയില്‍ ചെന്നിരുന്ന് മിന്നലിനോടും, മഴക്കുളിരിനോടുമൊക്കെ ചങ്ങാത്തം കൂടാന്‍ ശ്രമിക്കും. അവന് സ്ഫോടന ശബ്ദം വലിയ ഹരമായിരുന്നു. വിഷുവിന് അങ്ങേ വീട്ടിലെ കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ അതിനെക്കാള്‍ ശബ്ദമുള്ളവ പൊട്ടിക്കാനായിരുന്നു അവന്റെ വാശി. അല്പം വളര്‍ന്നു കഴിഞ്ഞപ്പോള്‍ എത്രയെത്ര ഗംഭീര ശബ്ദങ്ങളാണ് അവനുണ്ടാക്കിയിരിക്കുന്നതെന്നറിയുമോ?. അതിനൊക്കെ അവനെ സഹായിക്കാനും കുറേപ്പേരുണ്ട് കേട്ടോ!
ഇന്നിപ്പോള്‍ കഥയൊക്കെ മാറി. എന്റെ പ്രിയപ്പെട്ടവള്‍ക്കും സ്ഫോടനങ്ങള്‍ ഹരമായിമാറിയിരിക്കുന്നു. ഇന്നലെ കേട്ട ശബ്ദത്തെക്കാള്‍ ഗംഭീരമായ ഒന്നൊരുക്കുന്ന തിരക്കിലാണ് അവളൂം, മക്കളും പിന്നെ തകര്‍ന്ന് പോയ പുര മേയാന്‍ സഹായിച്ചവരും. നാളേക്കായി ഇതിനെക്കാള്‍ വലുതൊന്ന് മറ്റവരും ഒരുക്കിയേക്കാമെന്ന് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. കാരണം അവരൊക്കെ നോക്കിനില്‍ക്കുമ്പോഴാണല്ലോ ഞാനില്ലാതായ ആ സ്ഫോടനം നടന്നത്.

No comments:

Post a Comment