എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍

Monday, April 20, 2009

പ്രണയസമ്മാനം

കഥ

ശാലിനിയെന്നും, സാറാമ്മയെന്നും,ഷാഹിദയെന്നുമൊക്കെ അവളുടെ പേരുതന്നെ പാട്ടവിളക്കിന്
മുന്നിലിരുന്ന് പഠിച്ച് പരീക്ഷയ്ക്ക് മുന്നിലെത്തിയപ്പോള്‍ സമ്മാനം കിട്ടിയത് വീട് നിറച്ചും
വെളിച്ചമായിരുന്നു. ഈയിടെ അവളെത്തന്നെ തേടിക്കൊണ്ടിരിക്കുന്ന അവനെ നമുക്കൊക്കെ
അറിയാം. സഹദേവനെന്നും, സാമുവലെന്നും, ഷാജഹാനെന്നുമൊക്കെ അവന്റെ പേരുതന്നെ.
ഒടുവില്‍ ഇന്നലെ രാവിലെ അവളവന്റെ പ്രണയവലയില്‍ വീണു. ഉച്ചയ്ക്കാണെന്ന് തോന്നുന്നു ആ
വില പിടിച്ച പ്രണയസമ്മാനം അവള്‍ക്ക് നല്‍കിയത് ആ സമ്മാനം ഗംഭീരം തന്നെ അത് ഉള്ളം
കൈയീല്‍ വച്ചുകൊണ്ട് അവന്‍ അവന്റെ കൊട്ടാരത്തിലും അവള്‍ അവളുടെ കുടിലിലും
പാതിരയോളം പരസ്പരം കണ്ടുകൊണ്ടും ചിരിച്ചുകൊണ്ടും, ശൃംഗരിച്ചുകൊണ്ടുമൊക്കെ ഇരുന്നതാണ്.
പുലര്‍ന്നപ്പോഴേക്കും അവള്‍ ഉടുതുണി ഉരിഞ്ഞെറിഞ്ഞ് നമ്മുടെ ഉള്ളം കൈകളില്‍ വന്ന് നിറയുന്നത്
കണ്ടില്ലേ?. ഇനി വൈകുന്നതിന് മുമ്പ് ആത്മഹത്യക്കു ശേഷം പേരും മാറി അവളിതുവഴി വരും

ഗിരീഷ്കുമാര്‍ കുനിയില്‍