എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍

Tuesday, March 24, 2009

വാടകത്തോണി തുഴഞ്ഞ്, തുഴഞ്ഞ്


വാടകത്തോണി തുഴഞ്ഞ്, തുഴഞ്ഞ്

ഒരത്യാവശ്യം വന്നപ്പോഴാണ് ഞാനും മറ്റുപലരെപ്പോലെ അയാളുടെ മുറ്റത്തെത്തിയതും, കാര്യം ബോധിപ്പിച്ചതുമൊക്കെ. തികഞ്ഞ ദൈവവിശ്വാസി, പൂത്ത പണക്കെട്ടുകളുടെ ഉടമ ഈ നാട്ടിലെ പണക്കാരില്‍ പ്രമുഖന്‍. ലോണെടുത്തും, കടം വാങ്ങിയും വീട് വക്കുന്ന സാധാരണക്കാര്‍ക്കൊക്കെ ഒടുവില്‍ കടമടച്ചു തീര്‍ക്കാനും, ജപ്തിഒഴിവാക്കിക്കിട്ടാനും ഈ മാന്യദേഹം സഹായിക്കാറുണ്ട്. പക്ഷെ ഇത്തരം വീടുകള്‍ പലതും ഇയാളുടെ വീടായിമാറുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ പാവങ്ങളെ സഹായിച്ച് സഹായിച്ചാണത്രെ ഇയാള്‍ പണക്കാരനായത്. സ്ത്രീകള്‍ ചെന്ന് സങ്കടം പറഞ്ഞാല്‍ ഇയാള്‍ ചില നിബന്ധനയോടെ ചെറിയ വിട്ടുവീഴ്ചകളൊക്കെ ചെയ്യാറുണ്ടെന്നും കേട്ടിട്ടുണ്ട്. എനിക്കയാളെ പരിചയപ്പെടുത്തിയത് ഈയിടെ കുടുംബത്തോടെ ആത്മഹത്യ ചെയ്ത സുഹൃത്തായിരുന്നു.
എന്തായാലും എന്റെ അത്യാവശ്യത്തെക്കുറിച്ചൊന്നും അയാള്‍ തിരക്കിയില്ല.
"എത്ര ചിലവ് വരും?" അയാള്‍
"ഒരു പത്തായിരത്തോളം" ഞാന്‍
അയാള്‍ പണപ്പെട്ടി തുറന്ന് ആയിരത്തിന്റെ പത്തു നോട്ടുകളെടുത്തു.എന്നില്‍ നിന്നും ആശ്വാസത്തിന്റെ ദീര്‍ഘനിശ്വാസം പുറത്തുചാടി. അയാള്‍ അതിലൊരു നോട്ടെടുത്ത് നടുമടക്കി പിന്നെയും അങ്ങോട്ടുമിങ്ങോട്ടും മടക്കി മനോഹരമായൊരു തോണിയുണ്ടാക്കി മേശപ്പുറത്ത് വച്ചു. പിന്നീട് മറ്റൊരു നോടെടുത്ത് മടക്കാന്‍ തുടങ്ങി. എന്റെ ക്ഷമ നശിക്കുമെന്ന് തോന്നി. രണ്ടുവര്‍ഷം മുമ്പ് ബാങ്കില്‍ ആധാരക്കെട്ടുകളുമായി കയറിയിറങ്ങിയ ഓര്‍മ്മകളിലേക്ക് തിരിഞ്ഞ് സമാധാനിക്കാന്‍ ശ്രമിച്ചു.
അല്പനേരം കൊണ്ടയാള്‍ പത്തു തോണികള്‍ ഉണ്ടാക്കി നിരത്തിവച്ചു.
"ങ്ഹാ...... എടുത്തോളൂ..... തോണി ഒന്നിന് നൂറാ വാടക,"
കൂട്ടിയും, പെരുക്കിയും നോക്കാന്‍ എനിക്ക് സമയമില്ലാത്തതിനാല്‍ തോണികള്‍ കൂട്ടിക്കെട്ടി ഞാന്‍ നടന്നു. പിന്നില്‍ നിന്നയാള്‍ വിളിച്ചു പറയുന്നതു കേട്ടു
"വാടക വൈകിക്കണ്ട... ആളുവരും".
ആളുവന്നു, പിന്നെയും വന്നു ഒടുവിലയാളു തന്നെ വന്നപ്പോള്‍ ഞാനപ്പുറത്തൊളിച്ചിരുന്നു. കുട്ടികള്‍ സ്ക്കുളിലായതു കൊണ്ട് ഭാര്യ സൌമിനി ഉമ്മറത്തേക്ക്ചെന്നു അയാള്‍ ചോദിച്ചതും പറഞ്ഞതുമൊന്നും ഞാന്‍ കേട്ടിരുന്നില്ല. അയാള്‍ തിരിച്ചുപോയി. സൌമിനിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അവള്‍ പറഞ്ഞു.
"വാക്കുകള്‍ സഹിക്കാം..., ദുഷ്ടന്റെ നോട്ടം." അവള്‍ നിര്‍ത്തി എന്തോ ഓര്‍ത്തു. പിന്നീടപ്പുറത്തേക്ക് നടന്നു.
പിറ്റേന്ന് കാലത്തേ കുളിച്ച് ഉടുത്തൊരുങ്ങി ഇറങ്ങുന്നത് കണ്ടപ്പോള്‍ ഞാന്‍ചോദിച്ചു "നീയെങ്ങോട്ടാ...?"
അവള്‍ കണ്ണുകള്‍ക്കും, വാക്കുകള്‍ക്കും മൂര്‍ച്ചക്കൂട്ടി ക്കൊണ്ട് പറഞ്ഞു.
"ജപ്തിക്കാരെത്തും മുമ്പ് എന്തെങ്കിലും ചെയ്തല്ലേ പറ്റൂ"
അവള്‍ പൊട്ടുതൊട്ടു, കണ്ണാടി നോക്കി വാനിറ്റി ബേ ഗും തോളത്തിട്ട് ഇറങ്ങി നടന്നു. അന്നയാള്‍ വാടകക്കായ് ആളെ അയച്ചില്ല. അയാളും വന്നില്ല.
ഉച്ചയോടെ സൌമിനി വീട്ടിലെത്തി. അവളൊന്നും മിണ്ടിയില്ല. സാരികൊണ്ട് പുതച്ചാണ് അവള്‍ കയറി വന്നത്. അടുക്കളയില്‍ ചെന്നിരിക്കയാണ്. കുറേ നേരത്തെ ഇരിപ്പിന് ശേഷം കുളിമുറിയിലേക്ക് കയറിപ്പോക്കുന്നത് കണ്ടു. കുളികഴിഞ്ഞ് മുടി മുകളിലേക്ക് ചുരൂട്ടിക്കെട്ടി കുളിമുറിയില്‍ നിന്നിറങ്ങി വന്ന് വടക്കേമുറ്റത്തെ അഴയില്‍ സാരിയും, ബ്ലൌസും, അടിവസ്ത്രവുമടക്കം ഉണങ്ങാനിടുന്നത് കണ്ടപ്പോള്‍ എന്നില്‍ അറപ്പും, വെറുപ്പും കലര്‍ന്ന വികാരം ഉറഞ്ഞുകൊണ്ടിരുന്നു.
ഇനി ദിവസവും അവള്‍ക്ക് രണ്ടു തവണ കുളിക്കേണ്ടിവന്നേക്കാം, എന്റെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു. കുട്ടികള്‍ സ്കൂള്‍ബാഗുകള്‍ മേശമേലിട്ട് അടുക്കളയിലേക്കോടിച്ചെന്നു. പതിവ് സ്നേഹപ്രകടനങ്ങളുടെ അഭാവം അവരില്‍ ആശങ്കയുണ്ടാക്കിക്കാണും. അവര്‍ ഉമ്മറത്ത് വന്ന് എന്നെത്തന്നെ നോക്കിനിന്ന് വീണ്ടും അടുക്കളയിലേക്ക് നടന്നു.
ലക് ഷ്യമില്ലാത്ത ഒരു യാത്രയെക്കുറിച്ചാണ് ഞാനപ്പോള്‍ ചിന്തിച്ചിരുന്നത് ഇടയക്ക് കൂട്ട ആത്മഹത്യ തിരഞ്ഞെടുത്ത സുഹൃത്തിനെക്കുറിച്ചും ഓര്‍ക്കാതിരുന്നില്ല.
പടിയിറങ്ങി കവലയിലേക്കുള്ള തിരിവിലെത്തിയപ്പോള്‍ പെട്ടെന്നൊരു പട്ടി . മുന്തിയ ഇനമാണ് അത് തിരിവ് തിരിഞ്ഞ് കുരച്ചുകൊണ്ടോടിവന്നു അതിന്റെ കഴുത്തിലെ വെടത്തില്‍നിന്നും ഒരു കയര്‍ നീണ്ടുകിടക്കുന്നു ഞാന്‍ വല്ലാതെ ഭയന്നുപോയി. ഏതോപണക്കാരന്റെ കൂട്ടില്‍ നിന്നും തല്‍ക്കാലമോചനം നേടിയതാവുമെന്നചിന്തക്കിടയിലൂടെ കണ്‍മുന്നില്‍ അരോഗദൃഢഗാത്രനായ ഒരാള്‍ ഓടുന്നു.
ആ പട്ടി ഓടിപ്പോയദിശയിലേക്ക്. കവലയില്‍ നിന്നും ആളുകള്‍ കൂട്ടംകൂട്ടമായി നടന്നും, ഓടിയും അയള്‍ക്കു പിന്നാലെ. ഞാനും ആ ഒഴുക്കില്‍ പെട്ടുപോയി. പട്ടി എന്റെ മുറ്റത്തേക്ക് നേരെ അകത്ത്കയറി അടുക്കളവഴി വടക്കേ മുറ്റത്തേക്ക്, കുരച്ച്, കുരച്ച് ഉണങ്ങാനിട്ട സാരിക്കു ചുറ്റും ഒരു വട്ടം, പിന്നെ നേരെ കുളിമുറിക്കരികിലേക്ക് ചാടിക്കുരച്ച് മണത്ത്, മണത്ത് വീണ്ടും അടുക്കളയിലേക്ക്.
അകത്ത്നിന്ന് എന്റെ പൊന്നോമനകളുടെ ഭയന്നുവിറച്ച ആര്‍പ്പുവിളി. വിറച്ച് വിളറിനില്‍ക്കുന്ന സൌമിനിയുടെ കൈത്തണ്ടയില്‍ കടിച്ചു പിടിച്ചു കൊണ്ട് പട്ടി മുരളുന്നു. പട്ടിക്കു പിന്നാലെ ഓടിവന്ന ആജാനുബഹു എന്നെ തട്ടിമാറ്റിക്കൊണ്ട് സൌമിനിയുടെ അടുത്തേക്ക് എന്റെ പ്രിയപ്പെട്ടവളായിരുന്നവള്‍ തളര്‍ന്നു വീഴുംപോലെ എനിക്ക് തോന്നി ഞാനവളെ ഒന്ന് താങ്ങാനായി ഓടിച്ചെല്ലുമ്പോഴേക്കും അവളെന്റെ കാലില്‍ വീണു കെട്ടിപ്പിടിച്ചു. കണ്ണുകള്‍ നിറഞ്ഞൊഴുകി ഭ്രാന്തമായി എന്തോക്കെയോ പുലമ്പിക്കരഞ്ഞു, അല്പം മുമ്പ് ശൂന്യമായിപ്പോയ എന്റെ മനസ്സില്‍ സൌമിനി നിറയാന്‍ തുടങ്ങി.

ഗിരീഷ്കുമാര്‍ കുനിയില്‍