എന്റെ കഥകളിലേക്കു സ്വാഗതം-- ഗിരീഷ്കുമാര്‍ കുനിയില്‍

Friday, February 13, 2009

മഴ ചാഞ്ഞ വഴി തേടുമ്പോള്‍

കഥ
മഴ ചാഞ്ഞ വഴി തേടുമ്പോള്‍

വളരെ വിചിത്രമായിരുന്നു ആ സ്വപ്നം. ദേവകിയമ്മയുടെ കോഴി നീട്ടി കൂവിയപ്പോഴാണ് ഉണര്‍ന്നു പോയത്.
രണ്ടാഴ്ച മുമ്പാണ് സുഗതിയെ പെണ്ണ് കാണാന്‍ പോയത്. ജാതകം
പൊരുത്തമാണെന്ന് വല്യമ്മാവന്‍ പറഞ്ഞപ്പോള്‍ ഇഷ്ടങ്ങളോട് കൂടുതല്‍
അടുക്കാന്‍ തോന്നി. അന്ന് ഫോണ്‍ ചെയ്തു. പിന്നീടൊരാഴ്ചക്കുള്ളില്‍
രണ്ട് തവണ കൂടി ഫോണ്‍ ചെയ്തു. കാണാന്‍ കൊതിയേറിയ
ദിവസമാണിന്ന്. അവള്‍ പഠിക്കുന്ന കോളേജിനടുത്തുള്ള കൂള്‍ ബാറില്‍
കൂട്ടുകാരികളോടൊപ്പം അവള്‍ എത്താമെന്നേറ്റിട്ടുണ്ട്. അത് കൊണ്ട്
തന്നെ ഇന്നലെ രാത്രി ദേവരാജന്‍ എത്തുന്നതിന്മുമ്പും അവന്‍
പോയശേഷവും സുഗതിയെ ഓമനിക്കുകയായിരുന്നു മനസ്സ്. ആ ഞാനാണ്
ഒരുറക്കത്തിനിടക്ക് അച്ഛനും, അച്ഛന്റെ അച്ഛനുമൊക്കെ ആയിത്തീര്‍ന്നത്.
സ്വപ്നമായിരുന്നെങ്കിലും മുന്‍പ് കണ്ടിട്ടുള്ള പോലൊന്നുമല്ല. വളരെ
വ്യക്തമായൊരു ചിത്രം തന്നെയായിരുന്നു അത്. ജനല്‍പ്പാളി തള്ളി തുറന്ന്
കൈകാലുകളൊക്കെ ഒരിക്കല്‍ കൂടി പരിശോധിച്ചു നോക്കി.

രാത്രി പതിനൊന്നര വരെ ദേവരാജനുമായി സംസാരിച്ച വിഷയം കുടി
വെള്ളക്ഷാമത്തെകുറിച്ചായിരുന്നു. അടുത്തയാഴ്ച നടക്കാനുള്ള കളക്ടറേറ്റ്
മാര്‍ച്ചിനെ കുറിച്ചും, പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന
ശക്തമായ പ്രതിരോധത്തെകുറിച്ചുമൊക്കെ ചര്‍ച്ച ചെയ്തിരുന്നു. അമ്മ
ഇടയ്ക്കൊന്ന് വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ട് ദേവരാജനെ വെറുപ്പോടെ
നോക്കി തിരിച്ചു നടന്നു. അമ്മയുടെ വിചാരം അവനാണെന്നെ
സമരരംഗത്തേക്കൊക്കെ നയിക്കുന്നതെന്നാണ്, സംസാരിച്ച്, സംസാരിച്ച്
പ്ലാച്ചിമടയും, മയിലമ്മയും, കോളയും, ബുഷും, സദ്ദാമും, ലാദനും
കഴിഞ്ഞ് ഒബാമയിലെത്തിയപ്പോഴാണ് മുംബൈ ഭീകരാക്രമണവും,
പാകിസ്ഥാനുമൊക്കെ കയറിവന്നത് ഇടക്ക് പാര്‍ട്ടിക്കുള്ളിലെ
ആശയസംഘട്ടനത്തിലേക്കൊക്കെ വഴിമാറിയെങ്കിലും ചുറ്റിത്തിരിഞ്ഞ്
ഇറാന്റെ ആണവനയവും, ബുഷിനെതിരെ ചെരുപ്പേറും ഒന്നിനോടൊന്ന്
കൊളുത്തി, കൊളുത്തി വന്നതാണ്. ഉറങ്ങാന്‍ നേരം സുഗതി ഒരിക്കല്‍
കൂടി പുഞ്ചിരിയായി വന്നിരുന്നു.

പിന്നീട് ഉമ്മറത്തെ ചാരുകസേരയില്‍ അച്ഛനെ പ്പോലെ നീണ്ടു
നിവര്‍ന്നങ്ങനെ കിടക്കുകയാണ് ഞാന്‍. മെലിഞ്ഞ ശരീരം, മുഖത്ത് നര
ബാധിച്ച കുറ്റിരോമങ്ങള്‍ നന്നേ കിഴവനായിരിക്കുന്നു. അകത്ത്
സുഗതിയുടെ ഞരക്കം അവള്‍ രോഗശയ്യയിലാണ്. പക്ഷെ അവള്‍ക്ക്
പ്രായാധിക്യം ബാധിച്ചിട്ടില്ല. വേറേയും കുറെപ്പേരുണ്ട്. ഒന്ന് മകനാണ്
അവന് എന്റെ ഛായയുണ്ട്. അവന്‍ ഡോക്ടറാണ്. അവനോടൊപ്പം
പരിശീലനം നടത്തുന്ന മറ്റു ചില സുഹ്യത്തുക്കളുമാണ് കൂടെ.
അവരോരോരുത്തരും മാറി മാറി സുഗതിയെ പരിശോധിക്കാന്‍
തുടങ്ങിയിട്ട് നേരമേറെയായി. രോഗമെന്താണെന്നാര്‍ക്കും പിടികിട്ടിയില്ല.
ഇരുന്നിടത്ത് നിന്ന് കണ്ണെത്തുന്ന ആകാശച്ചെരുവൊക്കെ കാര്‍മേഘം
നിറഞ്ഞിരിക്കുന്നു. ആകെ ഇരുണ്ട അന്തരീക്ഷം. ഇടയ്ക്ക് മിന്നലിന്റെ
വെള്ളിരേഖകള്‍ ആകാശത്തിലൂടെ പുളയുന്നു. കര്‍ക്കിടം പകുതി
കഴിഞ്ഞിരിക്കുന്നു. എന്നിട്ടും മഴ കണ്ടില്ല. എത്ര ദിവസമായി ഇങ്ങനെ
മൂടിക്കെട്ടി വരുന്നു. ലോകത്തെന്തൊക്കെയോ നടക്കുന്നുണ്ട്. മഴ വെറും
ഓര്‍മ്മയാവുകയാണെന്ന് തോന്നുന്നു.
•യിറ്റ് മലര്‍ക്കെ തുറന്ന് മുറ്റത്തേക്കൊരു കാര്‍ ഒഴുകി വന്നു! മകളാണ്, അവളും രണ്ട് കുട്ടികളും അതില്‍ നിന്നറങ്ങി ഉമ്മറത്തേക്ക് തിരക്കിട്ട് വരുന്നുണ്ട്. അവള്‍ സു•തിയെപ്പോലെതന്നെ, കുട്ടികള്‍ മധുരമായി പുഞ്ചിരിക്കുന്നുണ്ട്. മകളുടെ മുഖത്ത് പരിഭ്രമമാണ്. അവള്‍ ചുണ്ടനക്കി.
"അച്ഛാ അമ്മക്കെന്തു പറ്റി?"
ഞാന്‍ മറുപടിതപ്പിക്കൊണ്ടിരുന്നു. അവള്‍ അകത്തേക്കോടി. ചെറിയ കുട്ടി എന്റെ മടിയില്‍ കയറിയിരുന്നു. ഞാനൊരുമ്മ കൊടുത്തപ്പോ അവന്‍ പറയ്യവാ,മുത്തശ്ശന്റെ താടി കുത്തുന്നു." ഞാന്‍ ചിരിച്ചു.
റോഡില്‍ ഒരു വലിയ വാഹനം വന്ന് നില്‍ക്കുന്നത് കണ്ടു. ഒരു ടാങ്കര്‍ ലോറി പോലെ തോന്നി. ടി. വിയിലും മറ്റും പരസ്യം കണുന്ന പ്രശസ്തമായ ഒരു പാനീയത്തിന്റെ പരസ്യ ചിത്രങ്ങള്‍ തന്നെയായിരുന്നു ആ വാഹനത്തിന്റെ പുറം ചട്ട മുഴുവനും. ഒരാള്‍ ഇറങ്ങി ആംഗ്യം കാണിക്കുന്നതനുസരിച്ച് വാഹനം മതലരികിലേക്ക് മെല്ലെ മെല്ലെ നീങ്ങി നിന്നു. ഒന്നു രണ്ട് പേര്‍ കൂടി വണ്ടിയില്‍ നിന്നിറങ്ങി എല്ലാവര്‍ക്കും ആ പനീയത്തിന്റെ ചിത്രത്തോടും പേരോടും കൂടിയ യൂനിഫോമുണ്ടായിരുന്നു. വാഹനത്തിന്റെ ഇരുവശങ്ങളിലുമായി കൊടിമരം പോലെ ലോഹനിര്‍മ്മിതമായ പൈപ്പോ, ദണ്ഡോ എന്തോ മൂന്ന് നലെണ്ണം അവര്‍ ഘടിപ്പിച്ചു അതിന്റെ അറ്റത്തായി തളിക പോലെ ഓരോ കുടകള്‍ നിവര്‍ന്ന് വന്നു. ഒരു മോട്ടോര്‍ പ്രവര്‍ത്തിക്കുന്ന ശബ്ദവും കേള്‍ക്കുന്നുണ്ട്. പരിസരത്തെ കുട്ടികളും ചെറുപ്പക്കാരും മാത്രമല്ല, ചില സ്ത്രീകളും വാഹനത്തിനടുത്തേക്ക് ചെല്ലുന്നത് കണ്ടു. ചെല്ലുന്നവര്‍ക്കൊക്കെ അതില്‍ നിന്നു ഒരാള്‍ കടും കളര്‍ പാനീയം നിറച്ച കുപ്പി എടുത്ത്കൊടുക്കുന്നുണ്ട്. പലരും അത് വാങ്ങി കുടിച്ചു കൊണ്ട് തിരികെ പോയ്ക്കൊണ്ടിരിക്കുന്നത് കണ്ടു. എന്റെ പേരകുട്ടികളില്‍ മൂത്തവന്‍ ഇറങ്ങി ഓടുന്നത് കണ്ടപ്പോള്‍ ചെറുതും പിന്നാലെ ഓടി. എനിക്കവരെ വിലക്കാനൊന്നും തോന്നിയില്ല. അല്പനേരം കഴിഞ്ഞ് അവര്‍ പാനീയത്തിന്റെ കുപ്പി വായില്‍ കമഴ്ത്തി കൊണ്ട് തിരിച്ചു വന്നു. ചെറിയവന്‍ പറഞ്ഞു. "മുത്തശ്ശാ, ഞങ്ങളെ വീട്ടിനടുത്തും വരാറുണ്ട് ഈ വണ്ടി." മൂത്തവന്‍ ഏറ്റു പിടിച്ചു. "ഇപ്പോ ഞങ്ങള് വരുമ്പോ ഇത് പോലത്തെ ഏഴ് വണ്ടികള്‍ കണ്ട്"ഇളയവന്‍ റോഡിലേക്ക് വിരല്‍ നീട്ടികൊണ്ട്, "ഏഴല്ല....ഏഴും ഒന്നും എട്ട്"ആ വാഹനത്തിലെ മോട്ടോറിന്റെ ശബ്ദം ക്രമാനുഗതമായി വര്‍ദ്ധിച്ചു വരുന്നതിനൊപ്പം.ആകാശത്ത് മഴക്കാറൊക്കെ അലിഞ്ഞലിഞ്ഞില്ലാതാവുന്ന പോലെ തോന്നി.
അകത്ത് സുഗതിയുടെ ഞരുക്കം കേള്‍ക്കുന്നുണ്ട്. അവള്‍ക്ക് ദാഹിക്കുന്നുണ്ടാവും, അപ്പോഴാണവള്‍ ഇങ്ങനെ ശബ്ദം പുറപ്പെടുവിക്കാറ്. ഞാന്‍ മകളോട് പറഞ്ഞു.:അമ്മക്ക് ദാഹിച്ചിട്ടാ.... സ്റ്റൌവിന് മുകളില്‍ ചുക്ക് വെള്ളമുണ്ട് എടുത്ത് കൊടുക്ക്"അവള്‍ അടുക്കളയിലേക്കോടി, ഞാനും പയെയ്യ എഴുന്നേറ്റു ചെന്നു. അവള്‍ അടുക്കളയിലെ ഒരോ പാത്രങ്ങളും തുറന്ന് നോക്കുകയാണ്"ഇവിടെ ഒരിറ്റു വെള്ളം പോലുമില്ലല്ലോ അച്ഛാ...."അവള്‍ പൈപ്പ് തുറന്ന് ഒരു വട്ട പാത്രം പിടിച്ചു. ടാപ്പില്‍ നിന്നും ഒന്നോ രണ്ടോ തുള്ളികള്‍ ഇറ്റു വീന്നു.
"നാശം" അവള്‍ ധൃതിപിടിച്ച് കിണറിനടുത്തേക്കോടി കിണറിലേക്ക് ബക്കറ്റിറങ്ങുന്ന കപ്പിയുടെ ശബ്ദം; പിന്നാലെ.. "അയ്യാ അച്ഛാ കിണറിലും ഒട്ടും വെള്ളമില്ലല്ലോ"കിണറിലും വെള്ളമില്ലേ...!ഏത് വേനലിലും വറ്റിയിട്ടില്ലാത്ത കിണറാ, ഇന്ന് കാലത്തും എത്ര വീട്ടുകാരാ ഇവിടുന്ന് വെള്ളം കോരിയത്! ഞാന്‍ കിണറിലേക്കെത്തി നോക്കി അടിത്തട്ടില്‍ പരല്‍ മീനുകള്‍ പിടക്കുന്നു. ആശ്ചര്യത്തോടെ മുഖമുയര്‍ത്തി മകളെ നോക്കി. അവളാകശത്തേക്ക് നോക്കികൊണ്ട് പറഞ്ഞു. "ഇപ്പോ പെയ്യുന്നമട്ടില്‍ തൂങ്ങിനിന്ന കാര്‍മേഘമൊക്കെ എവിടെ?"ശരിയാണ് മാനം പരമാവധി തെളിഞ്ഞു കഴിഞ്ഞു. എന്തൊരുവിചിത്രമായ പ്രതിഭാസം!മകള്‍ മതിലിനപ്പുറത്തെ വീട്ടിലേക്ക് തല നീട്ടുന്നുണ്ട്, വെള്ളം ചോദിക്കാനാവും. പക്ഷെ അവള്‍ ചോദിക്കുന്നതിന് മുമ്പ് അപ്പുറത്തെ അമ്മയുടെ ശബ്ദം. "മോളെ വെള്ളംണ്ടോ ത്തിരിട്ക്കാന്‍, പാത്രത്തില്‍ എട്ത്ത് വച്ച വെള്ളൊക്കെ വറ്റിക്കെടക്ക്ണൂ.., ദാഹിച്ചിട്ട് തൊണ്ട മുറിയ്ണപോലെ" - മതിലിനപ്പുറം മറ്റൊരു തലകൂടി പ്രത്യക്ഷപ്പെട്ടു. ദേവകിയമ്മയുടെ മരുമകനാണ് - അവന്‍ ആരോടെന്നില്ലാതെ പറഞ്ഞു.
"ഈ വണ്ടിക്കെന്തോ പ്രത്യകതയുണ്ട്, കഴിഞ്ഞാഴ്ച കിഴക്കേടത്തും ഈ വണ്ടി വന്ന് നിന്നപ്പോഴാണ് കിണറുകളിലെ വെള്ളം മുഴുവന്‍ വറ്റിപ്പോയത്. ഇന്നിപ്പോഴിതാ അടുക്കളയിലും, കുളിമുറിയിലും നിറച്ചുവച്ച പാത്രങ്ങളിലെ വെള്ളം പോലും വറ്റിപോയിരിക്കുന്നു." അവന്‍ പറഞ്ഞതിലെ ശരിയെകുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് റോഡിലെ വാഹനത്തിനടുത്ത് ഭയങ്കര ബഹളം കേട്ടത്. നാട്ടുകാരായ കുറെ യുവാക്കളും, ഏതൊക്കെയോ സ്ത്രീകളും ചേര്‍ന്ന് വാഹനം തല്ലിതകര്‍ക്കുകയാണ്. അതിലെ ജോലിക്കാരേയും ആളുകള്‍ നന്നായി കൈകാര്യം ചെയ്യന്നുണ്ട്. യൂണിഫോമണിഞ്ഞ ഒരുത്തന്‍ മതില്ചാടി എന്റെ മുറ്റത്തെത്തി മൊബൈല്‍ ഫോണില്‍ ആരെയോവിളിക്കുന്നുണ്ട്. ഇടയ്ക്ക് സുഗതിയുടെ ഞരുക്കം ഒരു പ്രത്യേക ശബ്ദമായി മാറികൊണ്ടിരിക്കുന്നതായി തോന്നി. എവിടുന്നാ കുറച്ച് വെള്ളം കിട്ടുക, അവളുടെ സബ്ദം മാറി മാറി പെട്ടെന്ന് കോഴികൂവുന്ന പോലെയായി. അത് ദേവകിയമ്മയുടെ കോഴിയായിരുന്നെന്ന് ഉണര്‍ന്നപ്പോഴാല്ലേ മനസ്സിലായത്. എന്താവും ഈ സ്വപ്നത്തിന്റെ ശാസ്ത്രം? സുഗതിക്കെങ്ങാനും വല്ല അസുഖവും വന്ന് കിടപ്പിലായോ എന്തോ. മൊബൈലെടുത്ത് അവളുടെ വീട്ടിലെ നമ്പരമര്‍ത്തി ചെവിയോട് ചേര്‍ക്കുമ്പോ തോന്നി ഇത്ര നേരത്തെ വിളിക്കുമ്പോള്‍ അവരെന്ത് വിചാരിക്കും.?
മുറ്റത്ത് ഈര്‍ക്കിള്‍ ചൂല്‍ മണ്ണിലുരസുന്ന ശബ്ദം. ആരതിയാണ്, അടുത്ത് ചെന്ന് പതുക്കെ പറഞ്ഞു.
"നീ ഏട്ടനൊരു ഉപകാരം ചെയ്യണം."
"ഉം എന്താ ഇത്ര രാവിലെ?"
അവള്‍ തെല്ല് ഗൌരവം നടിച്ചു.
"നീയെന്റെ ഫോണില്‍ ഒരാളോടൊന്ന് സംസാരിക്കണം"
"ഓ നിക്ക്യറിയ ന്റെ ഏടത്യമ്മ്യാവാന്‍ പോണ ആളോടല്ലെ ? ഞങ്ങളിന്നലെ രാവിലെ ഫോണില്‍ കുറെ സംസാരിച്ചതാ, ഇന്നിനി ഞാന്‍ വിളിക്കില്ല" അവള്‍ ചിരിച്ച്കൊണ്ട് ഒഴിഞ്ഞ് മാറുകയാണ്.
"പ്ലീസ് മോളെ, ഏട്ടനൊരു ദു:സ്വപ്നം കണ്ട് പോയി അതോണ്ടാ, വെറുതെ ഒന്ന് വിളിച്ച് വിശേഷങ്ങള്‍ ചോദിച്ചാല്‍ മതി."ആരതിക്ക് ചിരിവന്നു.
"അയ്യ.... അമ്മേ.... ഈയേട്ടന്റെ കാര്യം." അവള്‍ ഉറക്കെ വിളിച്ചുകുവാനുള്ള ഭാവമാണ്.
"മിണ്ടല്ലടി ഞാന്‍ പറയുന്നതൊന്ന് കേള്‍ക്ക്."
"നിക്ക്യൊന്നും കേക്കണ്ട... ഞാനെല്ലാവരോടും പറയും."അവള്‍ ചിരിച്ചു കൊണ്ട് ഓടാന്‍ ശ്രമിക്കുകയാണ്. ചുവരരികില്‍ ചേര്‍ത്ത് ബലമായി അവളെ പിടിച്ചു വച്ചു മോബൈല്‍ ഫോണ്‍ അവളുടെ ചെവിയില്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
"സംസാരിക്ക്, സംസാരിക്ക്"അവള്‍ സ്വമനസാലെ സംസാരിക്കാന്‍ തുടങ്ങി.
"ഹലോ... ആരാ.... സുഗതിചേച്ചീടെ അച്ഛനാ ? സുഗതി ചേച്ചിയെ ഒന്ന് കിട്ടുമോ..?എന്ത്... ആശൂപത്രീന്ന് വന്നിട്ടില്ലെന്നോ..?എന്ത് പറ്റീ...?ദാ... ഞാനേട്ടന് കൊടുക്കാ..."എന്റെ നെഞ്ചിടിപ്പിന് വേഗം കുടിയപോലെ തോന്നി. അവള്‍ ഫോണ്‍ എന്റെ കൈയില്‍ തന്നിട്ട് "സുഗതി ചേച്ചി ആശൂപത്രീലാത്രെ" പരിഭ്രമത്തോടെ അവള്‍ അപ്പുറത്തേക്കോടി അമ്മയെ നീട്ടി വിളിച്ചു.
സുഗതിയുടെ അച്ഛനുമായി സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ എന്റെ മാനസീക സംഘര്‍ഷം അലിഞ്ഞു തുടങ്ങിയിരുന്നു. ഫോണ്‍ കട്ട് ചെയ്ത് തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയും ആരതിയും തൊട്ടു പിന്നില്‍. അവരുടെ മുഖത്ത് ആകാംഷയായിരുന്നു. ഞാന്‍ ചിരിക്കുന്നത് കണ്ടിട്ട് അമ്മ ചോദിച്ചു
"എന്താ മോനേ.. എന്താ ആ കുട്ടിയ്ക്ക്...?"
ഞാന്‍ ആരതിയുടെ കൈ ചേര്‍ത്ത് പിടിച്ച് അമ്മയ്ക്ക് നേരെ ഉയര്‍ത്തിയിട്ട് തമാശരൂപത്തില്‍ പറഞ്ഞു. "ഈങ്ക്വിലാബ് സിന്ദാബാദ്"
"നീ ഏനാന്തം കൊഞ്ചാതെ കാര്യം പറയടാ..."അമ്മയ്ക്ക് ദേഷ്യം വന്നു,
ഞാന്‍ സാവധാനം പറഞ്ഞു."ഒന്നുമില്ലമ്മേ..., അവള്‍ക്കസുഖമൊന്നുമില്ല. മയിലമ്മായോട് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ വിദ്യാര്‍ത്ഥികള്‍ കൊക്കക്കോള കമ്പനിയിലേക്ക് പ്രകടനം നടത്തിയിരുന്നു. ആ ജാഥ നയിച്ചത് അവളായിരുന്നെന്ന് അവളച്ഛന്‍ പറഞ്ഞു. പോലീസ് ലാത്തി വീശിയപ്പോള്‍ ചെറുതായിട്ടെന്തോ പറ്റി."
അമ്മയുടെ മുഖം ചുവന്ന് വന്നു എന്റെ ചിരിയും സന്തോഷവും കണ്ട് അമ്മ പറഞ്ഞു.
"ഹയ്യ, ചക്കിക്കൊത്ത ചങ്കരന്‍"

ഗിരീഷ്കുമാര്‍ കുനിയില്‍